പിണക്കം മറന്ന് അച്ഛനരികില്‍ മക്കൾ; ടി.പി. മാധവനെ അവസാനമായി കണ്ട് മകനും മകളും

Advertisement

അന്തരിച്ച നടൻ ടി.പി. മാധവനെ അവസാനമായി കാണാൻ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വർഷങ്ങളായി അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം​ഗങ്ങളും. തിരുവനന്തപുരത്തെ പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്. ടി.പി. മാധവന്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ്, സെയ്ഫ് അലിഖാന്റെ ഷെഫ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജകൃഷ്ണ മേനോന്‍.

മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.‌‌

2015 ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരും ചെന്നില്ല. കാരണം സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർക്കൊന്നും അദ്ദേഹത്തെ വേണ്ടായിരുന്നു. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. തമ്പാന്നൂര്‍ ‘ഗാമ ലോഡ്ജിലെ’ ചെറിയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറിൽ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയതും.

മോശമായ ആരോഗ്യാവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാൻ തയാറെടുക്കുന്ന സമയത്താണ് സീരിയൽ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്ന‌ു. ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജൻ ഏർപ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

Advertisement