ആലപ്പുഴ. പാലമേൽ ഉളവക്കാട് പാടത്ത് രാത്രി മീൻ പിടിക്കാൻ പോയ രാഹുൽരാജ് (32)എന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാടത്തെ കൃഷിവിളകൾ സംരക്ഷിക്കാൻ ഗോപകുമാർ എന്ന ആൾ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് രാഹുൽ രാജിന് ഷോക്കേറ്റത്. കൂട്ടുകാരോടൊപ്പം രാത്രിയിൽ മീൻ പിടിക്കാൻ പോകുന്ന വഴിയിൽ ഷോക്കേറ്റ് വീണ രാഹുൽ രാജിനെ രക്ഷിക്കുവാൻ സുഹൃത്തുക്കൾ ശ്രമിച്ചുവെങ്കിലും രാഹുൽ സ്ഥലത്ത് വച്ച് മരണപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വയലിലെ കൃഷി കാട്ടുപന്നിയുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് പ്രദേശവാസിയായ ഗോപകുമാർ തന്റെ വീട്ടിലെ വൈദ്യുതി കണക്ഷനിൽ നിന്നും അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നതാണ് എന്ന് ബോധ്യമായിരുന്നു.
ഈ സംഭവത്തിന് നൂറനാട് പോലീസ് സ്റ്റേഷനിൽ കൃഷി ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്ന ഉടൻ തന്നെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ചെങ്ങന്നൂർ DySP എം.കെ ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതിയായ ഗോപകുമാർ (45), ഗോപ ഭവനം ഉളവുക്കാട്, പാലമേൽ എന്നയാളെ ഇന്നലെ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്തെ ഒളിയിടത്തിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് മാവേലിക്കര JFMC II കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ SI സുഭാഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജു എച്ച്, രജീഷ്.ആർ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.