സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ – കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇതേത്തുടർന്നാണ് മഴ വീണ്ടും ശക്തമാകാൻ സാധ്യത കാണുന്നത്. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13 മുതൽ 14 തീയതികളിൽ അതിശക്തമായ മഴയ്ക്കും 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.