സഹസംവിധായികയുടെ പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ പീഡന കേസ്

Advertisement

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്ന സഹസംവിധായികയുടെ പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിജിത്ത് സിനിമാമേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ മരട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകനെ പോയി കണ്ടത്. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തായി യുവതി പറയുന്നു. പലപ്പോഴായി വിവാഹവാഗ്ദാനം നല്‍കി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ കണ്ണിയാണ് വിജിത്ത് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഉയരുന്ന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് ഏറ്റെടുത്തേക്കും.