മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നെന്ന അതിജീവിതയുടെ പരാതി; തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

Advertisement class="td-all-devices">

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി പറയുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം വസ്തുതാപരമല്ലെന്നാണ് അതിജീവിതയുടെ ഹർജിയിൽ പറയുന്നത്.

മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി കോടതിയിൽ‍ സമർപ്പിച്ചു. എന്നാൽ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊഴിയുടെ പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ആവശ്യം കേസിലെ എട്ടാം പ്രതിയായ ദിലീപും ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് (സുനിൽ കുമാർ) ഏഴു വർഷത്തിനു ശേഷം അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ അവസാനഘട്ട വിചാരണ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here