പരാതി നൽകാൻ എത്തിയ യുവാക്കളെ മർദിച്ചു, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

Advertisement

കോഴിക്കോട്.പരാതി നൽകാൻ എത്തിയ യുവാക്കളെ മർദിച്ച സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. പന്നിയങ്കര സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ ഫറോക്ക് എസിപി , ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം. മർദനത്തിൽ പരുക്കേറ്റ വേങ്ങേരി സ്വദേശികളും സഹോദരങ്ങളുമായ കാട്ടിൽപറമ്പത്ത് മുഹമ്മദ് മുസ്തഫ, മുഹമ്മദ് മുനീഫ് എന്നിവർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഫറോക്ക് എസിപി- എ എം സിദ്ധീക്കാണ് പരാതി അന്വേഷിക്കുന്നത്. എസിപി യുവാക്കളുടെ മൊഴി രേഖപ്പെടുത്തി. മർദിച്ചത് പുറത്തുപറഞ്ഞാൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് പന്നിയങ്കര പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവാക്കൾ മൊഴി നൽകി.

ഇതിന് പിറകെയാണ് പോലീസ് ഉദ്യോഗസ്ഥരോട് എസിപിയുടെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. പന്നിയങ്കര എഎസ് ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആണ് അന്വേഷണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മറ്റ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്നും എ സി പി അറിയിച്ചു. രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറും. സ്റ്റേഷന്റെ മുറ്റത്ത് വച്ച് പൊലീസ് യുവാക്കളെ മർദിക്കുന്നതിൻ്റെയും സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Advertisement