ദേവീപ്രാർഥനയുടെ പുണ്യവുമായി ഇന്ന് മഹാനവമി

Advertisement

ദേവീപ്രാർഥനയുടെ പുണ്യവുമായി ഇന്ന് മഹാനവമി. മഹാനവമിദിനത്തിൽ ഗ്രന്ഥപൂജ, ആയുധപൂജകൾ, വിശേഷാൽ പൂജകൾ എന്നിവ നടക്കും. അക്ഷരങ്ങളെ മനസിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാ‍ർത്ഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു.
നാളെ വിജയദശമിദിനത്തിൽ കുരുന്നുകൾ അക്ഷരമധുരം നുകരും. ക്ഷേത്രങ്ങളിൽ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കുശേഷം എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രങ്ങൾക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിൽ ദേവിയെ ആരാധിച്ച് പ്രത്യേക പൂജകൾ നടത്തിയാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്. വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ഇന്നലെ അഷ്ടമി തുടങ്ങിയിരുന്നു. ഇന്ന് മഹാനവമി ദിനത്തിൽ ആയുധ പൂജ നടക്കും. ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.