റോക്കറ്റിലേറി സ്വർണവില; കേരളത്തിൽ ഇന്ന് റെക്കോർഡിട്ടു, ‘മാജിക് സംഖ്യ’യിലേക്ക് ഇനി ഇത്തിരിദൂരം

Advertisement

ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തി കേരളത്തിൽ സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് വില 7,120 രൂപയായി. 200 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. രണ്ടും റെക്കോർഡ് വിലയാണ്. ഈ മാസം 4നും സംസ്ഥാനത്ത് സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു. 57,000 രൂപയെന്ന ‘മാജിക്സംഖ്യ’ ചരിത്രത്തിലാദ്യമായി തൊടാൻ ഇനി പവൻ വിലയ്ക്ക് മുന്നിൽ വെറും 40 രൂപയുടെ ദൂരം.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 15 രൂപ വർധിച്ച് റെക്കോർഡ് 5,885 രൂപയിലെത്തി. കനംകുറഞ്ഞ അഥവാ ലൈറ്റ്‍വെയ്റ്റ് ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 98 രൂപ.

എന്തുകൊണ്ട് സ്വർണവില വീണ്ടും കൂടുന്നു?

സ്വർണവില വീണ്ടും കൂടിത്തുടങ്ങിയതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന്, യുഎസിലെ സാമ്പത്തികരംഗത്തെ ചലനങ്ങളാണ്. യുഎസിൽ പണപ്പെരുപ്പം മൂന്നരവർഷത്തെ താഴ്ചയിൽ എത്തുകയും തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കൂടുകയും ചെയ്തതോടെ വീണ്ടും പലിശനിരക്ക് കുറയാനുള്ള സാധ്യത ഉയർന്നു. ഇത് സ്വർണത്തിനാണ് നേട്ടമാകുക.

കാരണം, പലിശനിരക്ക് കുറയുമ്പോൾ ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളും അനാകർഷകമാകും. സ്വർണനിക്ഷേപങ്ങൾക്ക് പ്രിയം കൂടും. വിലയും വർധിക്കും. ഔൺസിന് കഴി‍ഞ്ഞദിവസം 2,605 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില നിലവിൽ 2,659 ഡോളറിലേക് കുതിച്ചുകയറിയിട്ടുണ്ട്. 2,656 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

കാരണം രണ്ട്, ഇസ്രയേൽ ലബനിൽ നടത്തുന്ന ആക്രമണമാണ്. യുദ്ധം എല്ലായ്പ്പോഴും രാജ്യാന്തര സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്. രാജ്യാന്തര വ്യാപാരങ്ങളെയും ഓഹരി, കടപ്പത്ര വിപണികളെയും ഇത് ബാധിക്കും. നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റും, ഇത് വില വർധന സൃഷ്ടിക്കും.

മൂന്ന്, റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതാണ്. ഇന്ത്യയിലും ചൈനയിലും സ്വർണാഭരണങ്ങൾക്ക് ഉത്സവകാല ഡിമാൻഡ് ഉണ്ടെന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്. മറ്റൊന്ന്, രൂപയുടെ മൂല്യത്തകർച്ചയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ചരിത്രത്തിലാദ്യമായി 84ലേക്ക് ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യം കുറയുകയും ഡോളർ കരുത്താർജിക്കുകയും ചെയ്യുമ്പോൾ സ്വർണം ഇറക്കുമതിക്ക് ചെലവേറും. ഇത് രാജ്യത്ത് വില കൂടാനിടയാക്കും.

ഇനി വില എങ്ങോട്ട്?

രാജ്യാന്തര സ്വർണവില 2,670 ഡോളർ സമീപഭാവിയിൽ തന്നെ കടക്കുമെന്ന് നിരീക്ഷകർ കരുതുന്നു. അങ്ങനെയെങ്കിൽ, കേരളത്തിലും വില കൂടും. സംസ്ഥാനത്ത് പവൻവില 57,000 രൂപയെന്ന നാഴികക്കല്ല് മറികടക്കുന്നത് വിദൂരത്തല്ലെന്ന് നിരീക്ഷകരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

ഇന്നൊരു പവന് ജിഎസ്ടി അടക്കം വില

56,960 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപയും അതിന്റെ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20 ശതമാനത്തിന് മുകളിലുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,656 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,707 രൂപയും.