യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമോ

Advertisement

കോഴിക്കോട്. റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമാണോ എന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവൻ ഗോപിയുടെ മരണവുമായി ബന്ധപ്പെട്ട് ട്രെയിനിലെ താൽക്കാലിക ജീവനക്കാരനാണ് കസ്റ്റഡിയിലായത്.

ഇന്നലെ രാത്രി 11.15ഓടെയാണ് ശരവൻ ഗോപി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. മംഗളൂരു കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നു. ട്രെയിനിൽ AC കോച്ചിൽ ഡോറിനരികിൽ ഇരുന്നിരുന്ന ശരവൻ ഗോപിയെ ഒരാൾ തള്ളി ഇടുകയായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ട്രെയിനിലെ താൽക്കാലിക ജീവനക്കാരനായ കണ്ണൂർ സ്വദേശിയെ കോഴിക്കോട് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യാത്രക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. നിലവിൽ തള്ളിയിട്ടത് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. ശരവൻ ഗോപിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

. പ്രതീകാത്മക ചിത്രം