മാസപ്പടിക്കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്തു

Advertisement

ചെന്നൈ: സംസ്ഥാനത്ത് വലിയ വിവാദമായ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴി എടുത്ത് എസ്എഫ്‌ഐഒ. ചെന്നൈയിൽ വച്ചാണ് മൊഴി എടുത്തത്. വീണ നേരിട്ട് എസ്എഫ്‌ഐഒ ഓഫീസിൽ ഹാജരാകുകയായിരുന്നു. മാസപ്പടി കേസിൽ മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു നിർണായക നീക്കം.

ഈ കഴിഞ്ഞ മാർച്ചിൽ മാസപ്പടി കേസ് ഇഡി ഏറ്റെടുത്തിരുന്നു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.

2016-17 മുതലാണ് എക്‌സാലോജിക്കിനു ശശിധരൻ കർത്തായുടെ കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സിഎംആർഎലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. ശശിധരൻ കർത്തയുടെ കൊച്ചി മിനറൽസ് ആന്റ് റൂട്ടെൽ ലിമിറ്റഡ് വീണയുടെ കമ്പനിയ്ക്ക് 1.72 കോടി രൂപ നൽകിയതിന്റെ രേഖകൾ പുറത്തുവന്നിരുന്നു.

2017ൽ വീണ വിജയന്റെ എക്സലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്. എന്നാൽ, വീണ വിജയനോ എക്സലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിരുന്നു;

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here