പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തില്‍ വന്‍ വര്‍ധനവ് വരുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍

Advertisement

തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തില്‍ വന്‍ വര്‍ധനവ് വരുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍. 2016 മുതല്‍ ശമ്പളത്തില്‍ പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാണ് പിഎസ്‌സിയുടെ കത്തിലെ ആവശ്യം. കത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തി.
ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌ക്കരിച്ചിരുന്നു. ഈ രീതി പിഎസ്സിയിലും നടപ്പിലാക്കണമെന്നാണ് കത്തിലെ ആവശ്യം. ചെയര്‍മാന്‍ ഉള്‍പ്പെടെ 19 അംഗങ്ങളാണ് ഇപ്പോള്‍ പിഎസ്സിയിലുള്ളത്. ആകെ 21 അംഗങ്ങള്‍. രണ്ട് ഒഴിവുകളുണ്ട്. പിഎസ്സി അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് അംഗങ്ങളാകാം. ഉയര്‍ന്ന പെന്‍ഷനും കുടുംബത്തിന് ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പിഎസ് സിയാണ് കേരളത്തിലേത്.
നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ഇത് 2,24,100രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയില്‍നിന്ന് 2,19,090 രൂപയായി ഉയര്‍ത്തണം. വീടിന്റെ വാടക അലവന്‍സ് 10,000 രൂപയില്‍നിന്ന് 35,000 രൂപയാക്കണം. യാത്രാബത്ത 5000 രൂപയില്‍നിന്ന് 10,000 ആക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ എല്ലാ അലവന്‍സുകളും ചേര്‍ത്ത് 2.26 ലക്ഷം രൂപയാണ് ചെയര്‍മാന്റെ ശമ്പളം. അംഗങ്ങള്‍ക്ക് 2.23 ലക്ഷവും. പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കിയാല്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും കേന്ദ്ര ഡിഎ ഉള്‍പ്പെടെ മൂന്നരലക്ഷത്തിലധികം രൂപ ലഭിക്കും. 35 കോടിയോളം രൂപ ശമ്പള കുടിശിക നല്‍കാനായി ചെലവാകും. പിഎസ്സി ആവശ്യം പരിഗണനയിലാണെന്ന് ധനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.