മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതും കേന്ദ്ര സഹായം ലഭിക്കാത്തതും , ഇന്ന് സഭയിൽ

Advertisement

തിരുവനന്തപുരം. ഇടവേളക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. മുണ്ടക്കൈ – ചൂരൽമല ദുരന്തം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രദേശത്തെ പുനരധിവാസം വൈകുന്നതും കേന്ദ്ര സഹായം ലഭിക്കാത്തതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകും. ഈ സഭാ സമ്മേളന കാലയളവിലെ ആദ്യദിവസം നിയമസഭാ ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ചിരുന്നു. എന്നാൽ അന്ന് വിവാദ വിഷയങ്ങളൊന്നും ചർച്ചയായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങളും ചർച്ചയാവും. ഇതിനുപുറമേ ഗവർണർ സർക്കാർ പോരും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചേക്കും. വെള്ളിയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്പീക്കറുടെ നടപടിയിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ഇത് സംബന്ധിച്ച് സഭയിൽ ചർച്ച വന്നാൽ രൂക്ഷമായ വാക്പോര് ഉണ്ടാവും. നാളെ നിയമസഭാ അനിശ്ചിത കാലത്തേക്ക് പിരിയും.