മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റിലായ സംഭവത്തിൽ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് ബാലയുടെ അഭിഭാഷക പ്രതികരിച്ചു. കേസ് റദ്ദാക്കാന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുന്‍ഭാര്യ മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അഭിഭാഷക പറഞ്ഞു. ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ബാലയുടെ മാനേജരും അറസ്റ്റിലായി. പുലർച്ചെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
വിവാഹമോചന കരാര്‍ ലംഘിച്ചു, കുട്ടിയോട് ക്രൂരത കാട്ടി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.