കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൈക്കൂലി വാങ്ങിയെന്ന ഭീഷണിയെത്തുടര്‍ന്നാണെന്ന് ആരോപണം . കണ്ണൂര്‍ പള്ളിക്കുന്നിലുള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. പത്തനംതിട്ട സ്വദേശിയാണ് നവീന്‍ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് തിരിക്കുമെന്നായിരുന്നു സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നത്. അഴിമതി ആരോപണം നേരിട്ടിട്ടുള്ള വ്യക്തിയല്ല നവീനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
നേരത്തെ കാസര്‍കോട് എഡിഎം ആയിരുന്ന ഇദ്ദേഹം മാസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂരെത്തിയത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചായിരുന്നു അഴിമതി ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ പിപി ദിവ്യ ഇന്ന് പത്രസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് സൂചനയുണ്ടായിരുന്നു. പമ്പ് സ്ഥലം പരിശോധിച്ച് അനുമതി നല്‍കുന്നതിന് ഒരു ലക്ഷത്തോളം രൂപ ചോദിച്ചുവാങ്ങിയെആരോപിച്ച് പ്രശാന്ത് എന്ന സംരംഭകന്‍ മാധ്യമങ്ങള്‍ക്കുമുമ്പാകെ എത്തിയിട്ടുണ്ട്.വീട്ടിലെത്തി ക്യാഷ് ആയി 98000 രൂപ നല്‍കിയെന്നാണ് പറയുന്നത്. പ്രശാന്ത് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നു പറയുന്നു.