താന്‍ വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ജയസൂര്യ

Advertisement

തിരുവനന്തപുരം. തനിക്കെതിരേയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു. കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കൻറോൺമെൻറ് പൊലീസെടുത്ത കേസിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.2008ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റിൽ വച്ച് കടന്നു പിടിച്ചെന്നായിരുന്നു ആരോപണം. ഒരു മണിക്കൂർ മാത്രം നീണ്ട ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ ജയസൂര്യ നിഷേധിച്ചു. രണ്ട് മണിക്കൂർ മാത്രമാണ് സെക്രട്ടേറിയറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. അതിനിടയിലേക്ക് എങ്ങനെയാണ് അവർ എത്തിയതെന്നു പോലും അറിയില്ലെന്ന് ജയസൂര്യ പറഞ്ഞു.

2013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് കടന്നുപിടിച്ചെന്നാണ് ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ ആരോപണം. എന്നാല്‍ 2013ല്‍ അങ്ങനെയൊരു ഷൂട്ടിങ് പോലും നടന്നിട്ടില്ല. 2011ല്‍ തന്നെ ആ സിനിമാഷൂട്ടിങ് അവസാനിച്ചിരുന്നു. തൊടുപുഴയിലായിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു ഷൂട്ടിങ് നടന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് ഇത്തരം ആരോപണങ്ങളുമായി വന്നിട്ടുള്ളത് എന്ന് അറിയില്ലെന്ന് ജയസൂര്യ

രണ്ട് കേസുകളിലും ജയസൂര്യക്ക് മുൻകൂർ ജാമ്യം കിട്ടിയിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള കേസായതിനാൽ സാക്ഷി മൊഴികളോ , സാഹചര്യ തെളിവുകളോ കണ്ടെത്താൻ അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. 2008 ജനുവരി ഏഴിനും പത്തിനുമിടയിൽ സംഭവം നടന്നെന്നാണ് നടിയുടെ മൊഴി. എന്നാൽ ഏത് തീയതിയിലാണ് സെക്രട്ടറിയേറ്റ് ഷൂട്ടിങ്ങിന് വിട്ടുനൽകിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണ വകുപ്പിനും കഴിഞ്ഞിട്ടില്ല. ഇതിന്റെ രേഖകൾ ഇപ്പോൾ കൈവശമില്ലെന്നായിരുന്നു വകുപ്പ് അന്വേഷണ സംഘത്തിന് നൽകിയ മറുപടി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ജയസൂര്യയെ വിളിക്കാനും സാധ്യതയില്ല.

Advertisement