ഹെർണിയ ഓപ്പറേഷനിടെ 10 വയസ്സുകാരന്റെ ഞരമ്പ് മാറിമുറിച്ചു, സീനിയർ സർജനെതിരെ കേസ്

Advertisement

കാഞ്ഞങ്ങാട്. കാസര്‍കോഡ് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ 10 വയസ്സുകാരന്റെ ഞരമ്പ് മാറിമുറിച്ച സംഭവത്തിൽ സീനിയർ സർജൻ ഡോ. വിനോദ് കുമാറിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് അശോകൻ നൽകിയ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് ഡോക്ടർക്ക് എതിരെ കേസെടുത്തത്.

സെപ്റ്റംബർ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനെത്തിയ പുല്ലൂർ പെരളം സ്വദേശി ആദിനാഥിന്റെ ഞരമ്പാണ് ഡോക്ടർ മാറിമുറിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ഡിഎംഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം എന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാൽ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നെങ്കിലും ആരോപണ വിധേയനായ സീനിയർ സർജൻ ഡോക്ടർ വിനോദ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടത്. ഇതോടെയാണ് കുട്ടിയുടെ പിതാവ് അശോകന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.
ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും , കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും കുട്ടിയെ ചികിത്സിച്ച രേഖകൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുക. ഇതുവരെ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറാൻ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറായിട്ടില്ല. ഇതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടർ വിനോദ് കുമാറിനെതിരെ അഴിമതി ആരോപണങ്ങൾ വ്യാപകമാവുകയാണ്.