നവീൻ ബാബുവിനെ പിപി ദിവ്യ ഭീഷണിപ്പെടുത്തി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സഹോദരൻ

Advertisement

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നും സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ച് കണ്ണൂരിൽ ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും

നവീൻബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അവധി.