അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വിഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.
ഇവിടത്തെ നിയമങ്ങൾ എല്ലാവരേയുംപോലെ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. തനിക്ക് കൊമ്പൊന്നുമില്ല. താനങ്ങനെ ചിന്തിക്കുന്നയാളുമല്ല. തന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് അന്ന് ഒപ്പമുണ്ടായിരുന്നതെന്നും ബൈജു വ്യക്തമാക്കി.
‘‘ഞായറാഴ്ചത്തെ അപകടവുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പരക്കുകയുണ്ടായി. ഇതിന്റെ യഥാർഥവശം എന്തെന്ന് അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാർ ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്നു. ഒരു 65 കി.മീ. സ്പീഡ് ഉണ്ടാകും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു പദ്ധതി.
പക്ഷേ വെള്ളയമ്പലത്തില്‍ എത്തിയപ്പോള്‍ തന്നെ കാറിന്റെ ടയര്‍ പഞ്ചറായി. ഇതോടെ വണ്ടിയുടെ നിയന്ത്രണം നഷ്‍ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‍കൂട്ടറുകാരനെ തട്ടാൻ കാരണം. അപ്പോൾ തന്നെ വണ്ടിയിൽ നിന്നിറങ്ങി ആ ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചിരുത്തി. ആശുപത്രിയില്‍ പോകണമോയെന്ന് ചോദിക്കുകയും ചെയ്‍തു. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു. മാത്രമല്ല ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇന്നലെ അയാള്‍ക്ക് പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്‍തിരുന്നു.
പൊലീസില്‍ അയാള്‍ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാര്‍ ആരും സഹായിച്ചിട്ടുമില്ല. അവര്‍ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. തെറ്റ് സംഭവിച്ചതില്‍ കേസ് എടുത്തിട്ടുണ്ട്. ഞാൻ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍. എന്തായാലും അങ്ങനെ ഒക്കെ വരും . പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ് അത്തരം വാർത്തകൾ.
ഒരു ചാനലുകാരന്റെ അടുത്ത് ഞാൻ ചൂടാകുന്ന വിഡിയോയും നിങ്ങള്‍ കണ്ടുകാണും. ഹോസ്പിറ്റലിൽ പോയി തിരിച്ചുവന്ന ശേഷം വണ്ടി പൊലീസ് സ്റ്റേഷനിൽ ഇടണമായിരുന്നു. ടയർ പൊട്ടിയതുകാരണം അത് മാറ്റി ഇടണം. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ കുറച്ച് ദൂരെ നിന്ന് ഒരാള്‍ വിഡിയോ എടുക്കുന്നു. അപ്പോഴാണ് ഞാൻ ചൂടായത്. അത് ചാനലുകാർ ആണെന്ന് ആ ഇരുട്ടത്ത് എനിക്ക് മനസ്സിലായില്ല. വഴിയേ പോകുന്ന ആരോ എടുക്കുന്നതാണെന്നു വിചാരിച്ചാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങൾ എല്ലാവരെയും പോലെ അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്, അല്ലാതെ എനിക്ക് കൊമ്പൊന്നുമില്ല.
ഒരു പെണ്‍കുട്ടി എനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. യുകെയില്‍ നിന്ന് വന്ന സുഹൃത്തുമുണ്ടായിരുന്നു. എന്റെ ഭാഗത്തുനിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നു. എന്നെ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’–ബൈജുവിന്റെ വാക്കുകൾ.