കാസർകോട്. അഴിത്തലയിൽ ബോട്ട് മുങ്ങി ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്. കടലിൽ കാണാതായ മുജീബിനു വേണ്ടിയുള്ള തിരച്ചിൽ മോശം കാലാവസ്ഥ മൂലം ഇന്ന് അവസാനിപ്പിച്ചു.
രാവിലെ അഞ്ചുമണിയോടെ മടക്കര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. 70 അടി നീളമുള്ള ബോട്ടിൽ 37 തൊഴിലാളികളാണ് കടലിൽ പോയത്. 10 തമിഴ്നാട് സ്വദേശികളും, 15 ഒഡീഷാ സ്വദേശികളും, മലപ്പുറം പരപ്പനങ്ങാടിയിലെ 12 പേരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി കടൽ പ്രക്ഷുബ്ധമായതോടെ ബോട്ട് മറിഞ്ഞു.
അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ, നോർത്ത് സോൺ ഐജി രാജ്പാൽ മീണ, എംഎൽഎ എം രാജഗോപാൽ എന്നിവർ സ്ഥലത്തെത്തി.
മത്സ്യത്തൊഴിലാളികളും, കോസ്റ്റുഗാർഡും, പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ 35 പേരെ രക്ഷപ്പെടുത്തി.
മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും, സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ കലക്ടർ കെ ഇമ്പശേഖർ…ജില്ലാ കലക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മത്സ്യബന്ധന ബോട്ടുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
.REPRESENTATIONAL IMAGE