എഡിഎമ്മിൻ്റെ മരണത്തിൽ പി ശശിക്ക് പങ്കെന്ന് പിവി അൻവർ, ദിവ്യയുടെ ഭ‍ർത്താവ് ശശിയുടെ ബെനാമിയെന്ന് ആരോപണം

Advertisement

തിരുവനന്തപുരം: എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ ആരോപിച്ചു. പാലക്കാട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എഡിഎമ്മിനെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അദ്ദേഹം ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക് ആഗ്രഹം ഉണ്ട്.

പാലക്കാട്‌ ഡിഎംകെ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും എൽഡിഎഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പാണ്. എവിടുന്നോ വന്ന കോൺഗ്രസുകാരൻ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ അതുപോലെ കോൺഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാൻ നോക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് മത്സരത്തിൽ നിന്ന് അൻവർ പിന്മാറണം എന്ന് ആർക്കും പറയാനാവില്ല. മിൻഹാജ് പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്. മിൻഹാജ് പാലക്കാട് നിന്നുള്ള മികച്ച സ്ഥാനാർത്ഥിയാണ് സാധാരണ കോൺഗ്രസ്-സിപിഎം പ്രവർത്തകർ മിൻഹാജിനൊപ്പം നിൽക്കും. വിശാല ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി വന്നാൽ താൻ പിന്തുണയ്‌ക്കുമെന്നും അൻവർ വ്യക്തമാക്കി.