തിരുവനന്തപുരം. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാൻ ഒരുങ്ങി ബിജെപി. എന്‍ഡിഎ പാർലമെൻററി പാർട്ടി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം. പാലക്കാട് സി കൃഷ്ണകുമാരനായിരുന്നു ആദ്യഘട്ടത്തിൽ ബിജെപി മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന പാലക്കാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സരിപ്പിക്കാൻ ഉള്ള താല്പര്യം കേന്ദ്ര നേതൃത്വം അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെയും കെ സുരേന്ദ്രന്റെയും നിലപാടാകും ഇതിൽ നിർണായകമാവുക. ശോഭാസുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യവും മണ്ഡലത്തിൽ ഉയരുന്നുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തിൽ നടി ഖുശ്ബുവിനെ സ്ഥാനാർത്ഥിയായി പരീക്ഷിക്കാനും നീക്കമുണ്ട്. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എ പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളും മുൻഗണന പട്ടികയിൽ ഉണ്ട്. ചേലക്കരയിൽ ഡോ. ടി എൻ സരസവും പരിഗണനയിലുണ്ട്.