പോത്തൻകോട്. നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അല്ലെന്ന് പൊലീസ്. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മറവ് ചെയ്യുന്നതിന് മുമ്പ് ആരെയും അറിയിക്കാത്തത് നേപ്പാൾ സ്വദേശികളുടെ അജ്ഞത മൂലമെന്നും പോത്തൻകോട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നേപ്പാൾ സ്വദേശികളായ അമൃതയും ഭർത്താവ് ഗണേഷും ബന്ധു നരേന്ദ്രൻ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിട്ടു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് രാത്രിയോടെ അമൃതയെ തിരുവനന്തപുരം എസ് സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രസവിച്ച കാര്യം ഡോക്ടർമാരോട് പറഞ്ഞില്ല.. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പൂർണവളർച്ചയെത്താത്ത പെൺകുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവർത്തിക്കുന്ന പുല്ലുവളർത്തൽ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചതായും, അഞ്ചര മാസത്തിലായിരുന്നു പ്രസവമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൂർണവളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നാണ് അമൃത പോലീസിനോട് പറഞ്ഞു. അജ്ഞത മൂലമാണ് വിവരം ആരോടും പറയാത്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കെതിരെയും പൊലീസ് കേസെടുക്കില്ല. ജോലി തേടിയാണ് നേപ്പാളിൽ നിന്ന് ഇവർ തിരുവനന്തപുരത്ത് എത്തിയത്.