നൂറനാട്. ഐടിബിപി ക്യാമ്പിൽ സ്ഥാപിക്കാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയം പ്രവർത്തനമാരംഭിക്കാത്തതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന സർക്കാർ ഐടിബിപി ക്യാമ്പിന് സമീപം 1.73 ഏക്കർ റവന്യൂ ഭൂമി അനുവദിച്ചെങ്കിലും, സെൻട്രൽ പിഡബ്ല്യുഡി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഈ ഭൂമി അനുയോജ്യമല്ലെന്ന് കേന്ദ്രീയ വിദ്യാലയ സംഘം വിലയിരുത്തിയിട്ടുണ്ട്.
നൂറനാട് പ്രദേശത്തെ വിദ്യാലയം ആരംഭിക്കുന്നതിനായി സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും, ലെപ്രസി സാനിറ്റോറിയം വളപ്പിൽ നിന്നും 1.73 ഏക്കർ ഭൂമി അനുവദിക്കുന്നതിന്റെ ആവശ്യകത ഉന്നയിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഐടിബിപി ക്യാമ്പിന് കിഴക്കുവശം ജനസഭ സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി.
സാമൂഹിക – സാംസ്കാരിക – വിദ്യാഭ്യാസ പ്രവർത്തകർ, സൈനിക, അർദ്ധ-സൈനിക വിഭാഗങ്ങളിലെ വിരമിച്ച ഉദ്യോഗസ്ഥർ, നാട്ടുകാരും അടക്കം, വിദ്യാലയ സ്ഥാപനം ആവശ്യപ്പെടുന്നവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.
ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ സമരത്തിൽ കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അതീതമായി മുഴുവൻ ജനങ്ങളും പങ്കുചേരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭ്യർത്ഥിച്ചു.