കോഴിക്കോട്. പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെങ്കിൽ ചേലക്കരയിൽ രമ്യ ഹരിദാസിനെ യു. ഡി. എഫ് പിൻവലിക്കണമെന്ന ഉപാധിവെച്ച് പി. വി അൻവർ. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് പി വി അൻവറിനോട് പ്രതിപക്ഷനേതാവ് അഭ്യർത്ഥിച്ചു. ധാരണയിൽ എത്തിയില്ലെങ്കിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കില്ലെന്ന നിലപാടിലാണ് അൻവർ.
ചേലക്കരയിൽ സഹായിച്ചാൽ പാലക്കാട് യുഡിഎഫിനെ തിരിച്ചു സഹായിക്കുമെന്നായിരുന്നു പിവി അൻവറിൻറെ നിലപാട്. 24 ഇന്നലെ ഈ വാർത്ത ആദ്യം നൽകിയതിന് പിന്നാലെ യുഡിഎഫുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അൻവറും സ്ഥിരീകരിച്ചു.
ഇന്ന് ചേലക്കരയിലും പാലക്കാടും നിർത്തിയ ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പി.വി അൻവറുമായി ചർച്ച നടത്തി. യുഡിഎഫിന് പിന്തുണ നൽകണമെന്നാണ് ആവശ്യം. എന്നാൽ ഉപാധികൾ ആവർത്തിക്കുകയാണ് അൻവർ. യുഡിഎഫിന്റെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുന്നു തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും.
ബുധനാഴ്ച ഡിഎംകെയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് നടക്കും. ഇത് ശക്തി പ്രകടനം ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പാലക്കാട് മണ്ഡലത്തിൽ നിർണായകമായ ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച വന്നാൽ യുഡിഎഫിന് ക്ഷീണമാണ്. ഇത് മുന്നിൽക്കണ്ടാണ് പി. വി അൻവർ മായുള്ള ചർച്ചകൾ . അൻവറിന്റെ സമ്മർദ്ദ തന്ത്രം വിജയിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.