ലുലുവിന്റെ മെഗാ ഐപിഒ ഒക്ടോബർ 28 മുതൽ; വാങ്ങാം മിനിമം 1,000 ഓഹരി, ജീവനക്കാർക്ക് 2,000

Advertisement

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒക്ടോബർ 28ന് തുടക്കമാകും. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് 25% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി (റീറ്റെയ്ൽ നിക്ഷേപകർ) നീക്കിവയ്ക്കും. 89% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.

റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികൾക്കായി അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പുനൽകും. ഒക്ടോബർ 28ന് ഐപിഒ ആരംഭിക്കുംമുമ്പ് ഓഹരിവില പ്രഖ്യാപിക്കും. റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 5,000 ദിർഹമായിരിക്കും (ഏകദേശം 1.14 ലക്ഷം രൂപ) എന്ന് സൂചനകളുണ്ട്. തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികൾക്കായും അപേക്ഷിക്കാം. ക്യുഐബികൾക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 50 ലക്ഷം ദിർഹമായേക്കും (11.44 കോടി രൂപ). 258.2 കോടി ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിച്ചേക്കുക. നവംബർ അഞ്ച് വരെയാകും ഐപിഒ.

170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700 കോടി ഡോളർ വരെ (54,600 കോടി രൂപ മുതൽ 58,800 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാകും ഐപിഒ.

ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ് ഷോ (നിക്ഷേപക സംഗമങ്ങൾ) ലുലു ഗ്രൂപ്പ് ഇന്ന് ആരംഭിച്ചേക്കും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാകും (എഡിഎക്സ്/ADX) ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ്. യുഎഇയിലെയും ഗൾഫ് രാഷ്ട്രങ്ങളും ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും ഉൾക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ മേഖലയിലെ (MENA) ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒയായിരിക്കും ലുലുവിന്റേത്.

യുഎഇയിലും ഒമാനിലും പ്രീമിയം സൂപ്പർമാർക്കറ്റ് ശൃംഖലയുള്ള സ്പിന്നീസ് (Spinneys) ഇക്കഴിഞ്ഞ ഏപ്രിലിൽ 37.5 കോടി ഡോളറിന്റെ (3,150 കോടി രൂപ) ഐപിഒ സംഘടിപ്പിച്ചിരുന്നു. ഏകദേശം 1,900 കോടി ഡോളറിന്റെ (1.59 ലക്ഷം കോടി രൂപ) ഓഹരികൾക്കുള്ള അപേക്ഷകളും സ്പിന്നീസിന് ലഭിച്ചിരുന്നു. ഇതിനേക്കാൾ വലിയ സ്വീകാര്യത ലുലുവിന്റെ ഐപിഒയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മലയാളികൾ ഉൾപ്പെടെ യുഎഇയിൽ പ്രവാസി ഇന്ത്യക്കാരുടെ ബാഹുല്യമുള്ളത് ലുലു ഗ്രൂപ്പിന് നേട്ടമാകും.

ലിസ്റ്റിങ് എഡിഎക്സിൽ

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി (Tadawul) ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിൽ തൽകാലം എഡിഎക്സ് മാത്രമാണ് പരിഗണനയിലുള്ളത്. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കുന്നത് അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്സ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹെംസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നിവയായിരിക്കും.

ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. രണ്ടുവർഷമായി ഐപിഒയ്ക്കുള്ള ഒരുക്കങ്ങൾ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ൽ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു.

അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ൽ‌ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു. ലുലുവിന്റെ ഈജിപ്റ്റിലെ വികസനപദ്ധതികൾക്ക് നിക്ഷേപം ഉറപ്പാക്കാനായിരുന്നു ഇത്.

2022ലെ കണക്കുപ്രകാരം ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 800 കോടി ഡോളറാണ് (ഏകദേശം 66,000 കോടി രൂപ). 65,000ൽ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്. ഇതിൽ നല്ലൊരുപങ്കും മലയാളികൾ. ജിസിസിയിലും രാജ്യാന്തരതലത്തിലും കൂടുതൽ വിപണി വിപുലീകരണത്തിനാകും ഐപിഒ വഴി സമാഹരിക്കുന്ന തുക ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തുക.