സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി; ഇടക്കാല ജാമ്യം തുടരും

Advertisement

ന്യൂ ഡെൽഹി : ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ ഇടക്കാല ജാമ്യം തുടരും. അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ധിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു

അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ വാദിച്ചു. നേരത്തെ സുപ്രീം കോടതി സിദ്ധിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് തുടർന്ന് പരിഗണിക്കുന്നതു വരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണ കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ധിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വാദിച്ചിരുന്നു.