വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര; 5 പേര്‍ക്കെതിരെ കേസ്: സംഭവം തൃശൂരിൽ

Advertisement

തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറിയാണ് യുവാക്കള്‍ അപകട യാത്ര നടത്തിയത്.
വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ എയര്‍ഹോള്‍ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടര്‍ന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ അപകടകരമായ രീതിയില്‍ യാത്ര ചെയ്തതിന് കേസെടുത്തു. അപകട യാത്രയ്ക്ക് വഴിയൊരുക്കി നല്‍കിയ ബസിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരയും കേസുണ്ട്. ബസ് നിലവില്‍ മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണ്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.