കേന്ദ്രീയ വിദ്യാലയത്തിനായി അധിക ഭൂമി, പ്രക്ഷോഭം ഊർജിതമാക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

നൂറനാട്. ഐടിബിപി ക്യാമ്പിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള 1.73 ഏക്കർ ഭൂമി സാനിറ്റോറിയം വളപ്പിൽ തന്നെ ലഭ്യമാക്കുന്നതിനായി മാവേലിക്കര താലൂക്ക് തലത്തിൽ പ്രക്ഷോഭം ഊർജിതപ്പെടുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നൂറനാട് കേന്ദ്രീയ വിദ്യാലയം സ്ഥാപിതമായാൽ ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുന്ന മാവേലിക്കര താലൂക്കിലെ വിരമിച്ച സൈനികരുടെ കൂട്ടായ്മകൾ, കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരുടെ സംഘടനകൾ, നിലവിൽ സർവീസിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവരുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തുമെന്നും ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച കേന്ദ്രീയ വിദ്യാലയത്തിനായുള്ള പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രീയ വിദ്യാലയത്തിനായി സാനിറ്റോറിയം വളപ്പിൽ തന്നെ അനുയോജ്യമായ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സൈനിക കൂട്ടായ്മകളുടെ പ്രതിനിധികൾ, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെ പ്രതിനിധി സംഘവുമായി ഏറ്റവുമടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു അതോടൊപ്പം കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുന്നതിനായി ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിൽ നിന്നുള്ള മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും നേരിൽ കാണുമെന്ന് എം പി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം നൂറനാട് സംഘടിപ്പിച്ച ജനസഭയിലൂടെ നാടിന്റെ വികാരം എന്താണെന്ന് വ്യക്തമായി കഴിഞ്ഞു, കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിക്കഴിഞ്ഞ ഭൂമി നിർദ്ദേശിച്ച എംഎൽഎ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി അനുകൂല നടപടി ഉണ്ടാകാത്തപക്ഷം ജനകീയ സമരസമിതി രൂപീകരിച്ച് സത്യാഗ്രഹമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയത്തിനായി അനുയോജ്യമായ ഭൂമി ലഭിക്കുന്നത് വരെ സമരപരിപാടികൾക്ക് താൻ നേതൃത്വം നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു

Advertisement