കൊല്ലം.ഡോ. വന്ദനാദാസിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു പാഠവും സമൂഹത്തിന് നല്‍കാനായില്ലേ അതോ ആതുരസേവകരുടെ അനാസ്ഥ അതിരുവിട്ടതോ, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാർക്കും പോലീസുകാർക്കും നേരെ അക്രമം.
അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവരാണ് ജീവനക്കാരെ അക്രമിച്ചത്.സംഭവത്തിൽ 3 പേർ പോലീസ് പിടിയിൽ.അക്രമത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തായി
തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവര്‍ ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി വാക്കുതർക്കമുണ്ടാകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.ഇത് തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയുമാണ് പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ആതുര സേവനത്തിനായി ആശുപത്രിയിലെത്തുന്നവരുടെ വ്യക്തിഹത്യ നടത്തുകയും ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് പക്ഷേ ഒരു കുറവുമുണ്ടായിട്ടില്ല. പരസ്പരം പരിഹരിക്കേണ്ടതായ പ്രശ്നങ്ങള്‍ ആരാണ് പരിഹരിക്കുന്നതെന്ന ആശങ്ക ബാക്കിയാണ്.
ഡോക്‌ടർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പോരേടം സ്വദേശികളായ നൈസ മൻസിലിൽ നൗഫൽ ,വാലിപ്പറയിൽ പുത്തൻവീട്ടിൽ മുഹമ്മദ് ,ഇമിയോട് നൗഷാദ് മൻസിലിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്.പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ ബൈജു, അനീഷ്, എസ്.സി.പി.ഒ. രഞ്ജിത്ത്, മനോജ്നാഥ് എന്നിവരാണ് ഇവരെ പിടികൂടിയത്.