കണ്ണൂര്‍. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന വകുപ്പ് തല അന്വേഷണം തുടരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ടി വി പ്രശാന്തന്, അന്വേഷണ സംഘത്തിന് മുന്നിലെത്താൻ എൻ ജി ഒ യൂണിയൻ ഭാരവാഹികൾ പ്രത്യേക വഴിയൊരുക്കി.
എ ഡി എമ്മിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് ഉത്തരവിട്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. വകുപ്പ് തല അന്വേഷണത്തിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് ഡോ. വിശ്വനാഥനും അടങ്ങുന്ന സംഘം ഇന്ന് വൈകുന്നേരത്തോടെ പരിയാരം മെഡിക്കൽ കോളേജിൽ എത്തി.
ടി വി പ്രശാന്തനോട് ചോദ്യം ചെയ്യാൻ ഹാജരാവാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയതോടെ മാധ്യമ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലേക്ക്….. ആദ്യം മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് മുന്നിൽ ഹാജരായ പ്രശാന്തനെ , അഡീഷണൽ ചീഫ് സെക്രട്ടറി എത്തിയതോടെ വീണ്ടും വിളിപ്പിച്ചു. ഈ സമയമത്രയും ആശുപത്രിയിലെ സീനിയർ സൂപ്രണ്ടായ എൻ ജി ഒ യൂണിയൻ നേതാവ് പി ആർ ജിതേഷ് കൂടെ നിന്നതും വിവാദമായി. പ്രശാന്തനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കാൻ എൻ ജി ഒ യൂണിയൻ നേതാക്കൾ കാലങ്ങളായി അടച്ചു കിടന്ന പ്രത്യേക വഴി തുറന്നത് ഇദ്ദേഹത്തെ ആശുപത്രിയിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും വിമർശനമുണ്ട്…. ഇതിനിടെ കെ നവീൻ ബാബുവിന് നീതി ലഭിക്കുമെന്ന് പൊതു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് സർക്കാർ ആവർത്തിച്ചിട്ടും, പ്രശാന്തനെതിരേയും പി പി ദിവ്യയ്ക്കെതിരെയും നടപടി വൈകുന്നതിന് പിന്നിലെ കരങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ഉയരുകയാണ്