വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി

Advertisement

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. വഞ്ചിയൂർ പടിഞ്ഞാറക്കോട്ട പങ്കജ്‌ വീട്ടിൽ ഷിനിയെ വെടിവച്ച്‌ പരിക്കേൽപ്പിച്ച ഡോ. ദീപ്തിമോൾ ജോസിനാണ്‌ ജാമ്യം അനുവദിച്ചത്‌.

ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂർത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭർത്താവിൻ്റെ അച്ഛനാണ് വാതിൽ തുറന്നത്. രജിസ്റ്റേർഡ് കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിർത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്.

ഒരു സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലായിരുന്നു ദീപ്തി എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിൻ്റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫിറ്റ് കാറിൻ്റെ നമ്പറായിരുന്നു ഇത്. ഈ സ്വഫിറ്റ് കാർ മാസങ്ങൾക്ക് മുമ്പേ കോഴിക്കോടുള്ള ഒരാൾക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഷിനിയുടെ കൈക്കേറ്റ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ആണ് ഷിനി. ആരാണ് വന്നതെന്നോ അതിക്രമത്തിൻ്റെ കാരണം എന്തെന്നോ അറിയില്ലെന്നായിരുന്നു ഷിനി പൊലീസിനോട് പറഞ്ഞത്. എന്നാൽ ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നിൽ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here