രാത്രി 8 വരെ സ്റ്റേഷനടുത്ത്; പക്ഷേ നവീൻ ബാബു ട്രെയിനിൽ കയറിയില്ല

Advertisement

കണ്ണൂർ: ഈ മാസം 14നു രാത്രിയുള്ള മലബാർ എക്സ്പ്രസ് ട്രെയിനിലാണ് എഡിഎം നവീൻ ബാബു നാട്ടിലേക്കു യാത്രയ്ക്കു ടിക്കറ്റ് എടുത്തത്. രാത്രി 8.55നാണ് ട്രെയിൻ കണ്ണൂർ വിടുക. അന്നു രാത്രി എട്ടു മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപമേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ, സ്റ്റേഷനിലേക്കോ പ്ലാറ്റ്ഫോമിലേക്കോ എത്തിയില്ല.

എസി കംപാർട്മെന്റിൽ ബി1 കോച്ചിൽ 17–ാം നമ്പർ ബെർത്തായിരുന്നു നവീൻ ബാബുവിന്റേത്. ചെങ്ങന്നൂരിലേക്കുള്ള ടിക്കറ്റ് എമർജൻസി ക്വോട്ടയിൽ (ഇക്യു) ആയിരുന്നു. ട്രെയിൻ അന്ന് 12 മിനിറ്റ് വൈകി. കണ്ണൂർ വിട്ട ഉടൻ ടിടിഇ എത്തി പരിശോധിച്ചപ്പോൾ ബെർത്തിൽ യാത്രക്കാരനില്ല. റിസർവ് ചെയ്ത യാത്രക്കാർ ഇല്ലെങ്കിൽ 2 സ്റ്റേഷൻ പിന്നിടുമ്പോഴാണ് ബെർത്ത് മറ്റുള്ളവർക്ക് അലോട്ട് ചെയ്യുക. അന്ന് ട്രെയിൻ 4 സ്റ്റേഷൻ പിന്നിട്ട് കോഴിക്കോട് എത്തിയപ്പോഴാണ് ഈ ബെർത്ത് ആർഎസി പട്ടികയിലെ 23–ാം നമ്പർ യാത്രക്കാരന് അനുവദിച്ചത്.

യാത്രയയപ്പു യോഗത്തിനുശേഷം വൈകിട്ട് 6 മണിയോടെയാണ് എഡിഎമ്മിനെ ഡ്രൈവർ റെയിൽവേ സ്റ്റേഷന് 290 മീറ്റർ അകലെ മുനീശ്വരൻ കോവിലിനു സമീപം ഇറക്കുന്നത്. കാസർകോട്ടുനിന്ന് സുഹൃത്ത് വരാനുണ്ടെന്നും അവിടെ ഇറക്കിയാൽ മതിയെന്നും എഡിഎം നിർദേശിക്കുകയായിരുന്നു. തുടർന്ന് ഒന്നേമുക്കാൽ മണിക്കൂറോളം അദ്ദേഹം പരിസരത്തു തന്നെ ഉണ്ടായിരുന്നുവെന്നാണ് മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ മനസ്സിലായത്. റെയിൽവേ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ പുറത്തുപോകുന്നത് രാത്രി ഏകദേശം 8 മണിയോടെയാണ്.

ദിവ്യ പ്രസംഗിച്ചു; സന്തോഷം മാഞ്ഞു
കണ്ണൂർ ∙ യാത്രയയപ്പു ചടങ്ങിൽ എഡിഎം നവീൻ ബാബു സന്തോഷത്തിലായിരുന്നുവെന്നും ദിവ്യയുടെ പ്രസംഗം കഴിഞ്ഞതോടെ അദ്ദേഹം സമ്മർദത്തിലായെന്നും കലക്ടറേറ്റ് ജീവനക്കാർ പൊലീസിനു മൊഴി നൽകി. ‘സിനിമയിലെന്നപോലെ വന്നു തോന്നിയതു പറഞ്ഞു തിരിച്ചുപോയി’ എന്നാണ് ഒരു ജീവനക്കാരി നൽകിയ മൊഴി. നവീൻ ബാബുവിനെ അവസാനമായി ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള മുനീശ്വരൻ കോവിലിനു സമീപം ഇറക്കിയ ഡ്രൈവർ എം.ഷംസുദ്ദീന്റെ മൊഴിയും നിർണായകമാണ്. കാറിൽ വളരെ ദുഃഖിതനായിട്ടാണ് നവീൻ ബാബു ഉണ്ടായിരുന്നതെന്നാണ് ഷംസുദ്ദീൻ നൽകിയ മൊഴി. വിവാദമായ പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ ബാബു പണം ആവശ്യപ്പെട്ടെന്ന ദിവ്യയുടെ വാദം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here