പി പി ദിവ്യയ്ക്ക് ഇന്ന് നിർണ്ണായകം

Advertisement

കണ്ണൂർ : എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് സൂചന. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ മൊഴി നല്കി.യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും , ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തില്‍ മാത്രമെന്നാണ് അദ്ദേഹത്തിന്റെ മൊഴി.
പെട്രോള്‍ പമ്പിന് അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്ന വിചിത്ര വാദവുമായി ടിവി പ്രശാന്ത്. ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിലാണ് പ്രശാന്തിന്റെ വിശദീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി .’കണ്ണൂരിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നിലവില്‍ നവീന്‍ ബാബു ആത്മഹത്യാ കേസില്‍ കുറ്റാരോപിത കൂടിയായ ശ്രീമതി പിപി. ദിവ്യയെ കാണാനില്ല’ എന്ന് കാണിച്ചാണ് ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കിയത്.