വയനാട് ദുരിതാശ്വാസം: 3 അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല, പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ

Advertisement

കൊച്ചി: വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്ര സർക്കാർ നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.

ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നു. ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ്. ഈ ഫണ്ട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സത്യവാങ്മൂലം നൽകിയത്.

കേരളമുൾപ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായം ഇപ്രകാരമാണ്- മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്ര പ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറാമിന് 21.60 കോടി, നാഗാലാൻഡിന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി. അതേസമയം 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആര്‍എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 5858.60 കോടി രൂപ അനുവദിച്ചത്.

Advertisement