രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി

Advertisement

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പിൻവലിച്ചതില്‍ പി.വി.അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി.
അൻവറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡിഎംകെ സെക്രട്ടറി ബി.ഷമീര്‍ സ്ഥാനം രാജിവച്ചു.
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നല്‍കി. അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.

തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി.ഷമീര്‍ പറഞ്ഞു. അതേസമയം ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥി മിന്‍ഹാജിനെ പിന്‍വലിച്ച്‌ അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്.