കണ്ണൂർ. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്കും
സ്വകാര്യ കമ്പനിയും തമ്മിൽ നടത്തിയ കരാർ ഇടപാടുകളിൽ ദുരൂഹത. ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാർ നൽകിയത് സ്വകാര്യ കമ്പനിക്ക്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷമായിരുന്നു ഇടപാടുകൾ.
ധർമ്മശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
2021 ജൂലൈ രണ്ടിന് കമ്പനിയുടെ രൂപീകരണം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സിൽക്കിൽ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്കിന് നൽകിയ 12 കോടി 81 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും ഉപകരാർ നൽകിയത് ഈ കമ്പനിക്കാണ്. കരാർ പ്രവർത്തികളിൽ സിൽക്കിന് ഇതുവരെ ലഭിച്ചതാവട്ടെ 40 ലക്ഷത്തിൽ താഴെ മാത്രം. ബാക്കിയുള്ള 12 കോടി 44 ലക്ഷം രൂപ കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ഐ സി ഐ സി ബാങ്ക് തളിപ്പറമ്പ് ശാഖായിലേക്ക് നൽകിയതായി വിവരാവകാശ രേഖകൾ പറയുന്നു. കാസർകോട്,വയനാട് ജില്ലാ പഞ്ചായത്തുകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടിക്കണക്കിന് രൂപയുടെ പ്രവർത്തികളും ഈ കമ്പനി ഉപകരാർ എടുത്തിട്ടുണ്ട്. കമ്പനി എം ഡി സിപിഐഎം പ്രവർത്തകനായ മുഹമ്മദ് ആസിഫ് എന്നയാളാണ്.
2020 ഡിസംബർ ഇരുപതിനാണ് പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പിന്നാലെയാണ് ഈ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം ജില്ലാ പഞ്ചായത്ത് നിർമാണ പ്രവർത്തികൾക്കായി നൽകിയ മുഴുവൻ കരാറുകളിലും ഉപകരാർ ഏറ്റെടുത്തത് ഈ കമ്പനിയാണ്. കമ്പനിക്ക് പിന്നിൽ സിപിഐഎം നേതാക്കളാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയർത്തിയിട്ടുണ്ട്