എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ ,എൽഡിഎഫിൽ ആരോപണം പുകയുന്നു

Advertisement

തിരുവനന്തപുരം. എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം എൽഡിഎഫിൽ തർക്ക വിഷയമായി മുറുകുന്നു. ആരോപണം ഗൗരവമുള്ളതെന്നും ഉചിതമായ അന്വേഷണം വേണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ച മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരെ പടയൊരുക്കവുമായി എൻസിപി ആലപ്പുഴ ജില്ലാ ഘടകം.

എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം ഇടതുമുന്നണിക്കുള്ളിൽ ഘടകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് വഴി തുറന്നിരിക്കുന്നത്. കോഴ വാഗ്ദാന ആരോപണം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജുവും എന്‍സിപി നേതാവ് തോമസ് കെ തോമസും പരസ്യ പോർമുഖം തുറന്നത്
മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണമാകും.ഗുരുതരമായ വിഷയമായതിനാൽ ഉചിതമായ അന്വേഷണം വേണമെന്ന ആവശ്യം എൽഡിഎഫിൽ ഉന്നയിക്കാനാണ് സിപിഐയുടെ തീരുമാനം.

എന്‍സിപി യിലെ കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അതിനിടെ തോമസ് കെ തോമസ് എംഎൽഎക്കെതിരെ എൻസിപി ആലപ്പുഴ ജില്ലാ ഘടകം രംഗത്തെത്തി. തോമസിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്.

ഒരുമാസമായി മുഖ്യമന്ത്രിയുടെ അറിവിലുള്ള വിഷയത്തിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചില്ല എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം. ഒരു പടി കൂടി കടന്ന് സംഘപരിവാർ ബന്ധം കൂടി ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ട സംഭവങ്ങളാണ് നടന്നതെന്നും
കോഴ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിക്കുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Advertisement