പാലക്കാട്. തേങ്കുറുശി ദുരഭിമാനക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം. കേസില്‍ ഒന്നാം പ്രതിയായ സുരേഷിനും രണ്ടാം പ്രതി പ്രഭുകുമാറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.
2020 ഡിസംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന് 27 കാരനായ അനീഷിനെ പൊതുസ്ഥലത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായി 88ാമത്തെ നാളിലാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2022 നവംബര്‍ 30ന് ഹരിതയ്ക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
വിധിയില്‍ തൃപ്തിയില്ലെന്ന് അനീഷിന്‍റെ കുടുംബം പ്രതികരിച്ചപ്പോള്‍ പ്രതികള്‍ ചിരിച്ചുല്ലസിച്ചാണ് കേടതി വരാന്തയില്‍ കാണപ്പെട്ടത്. ശിക്ഷാ വിധിയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ അമ്മയും അനീഷിന്‍റെ ഭാര്യ ഹരിതയും പരഞ്ഞു. കൂടുതൽ ശിക്ഷ നൽകണമായിരുന്നു. അനീഷിന്റെ കൊലപാതകത്തിന് ശേഷവും ഭീഷണി ഉണ്ടായി. ഇവർ പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമോയെന്നു പേടിയുണ്ട് ,ഇവര്‍ പറയുന്നു.