സംസ്ഥാനത്ത് താത്കാലിക വിസി പോലുമില്ലാതെ രണ്ട് സര്‍വകലാശാലകള്‍

Advertisement

തിരുവനന്തപുരം.വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ സംസ്ഥാനത്ത് താത്കാലിക വിസി പോലുമില്ലാതെ രണ്ട് സര്‍വകലാശാലകള്‍. സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരുടെ കാലാവധി കഴിഞ്ഞിട്ടും ഗവര്‍ണര്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. രണ്ടിടത്തേക്കും നിയമനത്തിനായി പാനല്‍ സമര്‍പിച്ചിട്ടും ഗവര്‍ണര്‍ നടപടി എടുക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് സര്‍ക്കാര്‍.

ആരോഗ്യസര്‍വ്വകലാശാല, സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഒരേ സമയത്ത് ആയിരുന്നു വിസിമാരുടെ കാലാവധി അവസാനിച്ചത്. ഇതില്‍ സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്കുള്ള താത്കാലിക വിസിമാരെ ശുപാര്‍ശ ചെയ്ത് സര്ക്കാര് കഴിഞ്ഞ ആഴ്ച രണ്ട് പാനലുകള്‍ രാജ്ഭവന് കൈമാറിയിരുന്നു. സാങ്കേതിക സര്‍വകലാശാലയില്‍ മുന്‍ താത്കാലിക വിസി ആയിരുന്ന സജി ഗോപിനാഥിന്റെ പേരിന് മുന്‍ഗണന നല്‍കി പട്ടിക നല്‍കിയപ്പോള്‍ ഡിജിറ്റലിലേക്ക് ഡോ. എം എസ് രാജശ്രീയുടെ പേര് ഉള്‍പെട്ട പാനലും കൈമാറി. എന്നാല് ഈ പാനലില്‍ നിന്ന് വിസിമാരെ നിയമിച്ചില്ല എന്ന് മാത്രമല്ല സര്‍ക്കാരിന് വലിയ താല്‍പര്യമില്ലാത്ത മോഹനന്‍ കുന്നുമ്മലിന് ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കുകയും ചെയ്തു. ഒരേ ദിവസം മൂന്നിടത്ത് വിസിമാരുടെ ഒഴിവ് വന്നപ്പോള്‍ ഒരിടത്ത് മാത്രം സ്വന്തം നിലയ്ക്ക് ഗവര്‍ണര്‍ നിയമനം നടത്തിയതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

ഗവര്‍ണറുടെ തീരുമാനത്തെ അംഗീകാരമായി കാണുന്നു എന്നായിരുന്നു ആരോഗ്യ സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം

വിവാദമുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഏറ്റുമുട്ടലുകളിലേക്ക് പോകാതെ സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഉടന്‍ വിസിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന.

Advertisement