കൊച്ചി: എംജി റോഡില്‍ ഇയ്യാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. നഗരമധ്യത്തിലെ ഏറെ തിരക്കേറിയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30യോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. 30 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.
ഓട്ടത്തിനിടെ ഫയര്‍ അലാം ലഭിച്ചതിനാല്‍ ഡ്രൈവര്‍ റോഡ് വശത്തേക്ക് വാഹനം ഒതുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബസിന്റെ പിന്‍ഭാഗത്ത് തീ പടരുകയായിരുന്നു. തീപിടിച്ചതോടെ പിന്നിലെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വലിയ രീതിയില്‍ തീ പടരുന്നതിന് മുന്‍പ് യാത്രക്കാരെ പുറത്തിറക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. ഗാന്ധിനഗര്‍, ക്ലബ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ബസിന് തീപ്പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴി ഏറെനേരം ഗതാഗതം തടസപ്പെട്ടു. പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.