പി പി ദിവ്യ ഉടൻ കീഴടങ്ങിയേക്കും

Advertisement

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ ഉടൻ കീഴടങ്ങിയേക്കും. ദിവ്യ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും കീഴടങ്ങുക.

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലാണ്.

അതേസമയം, രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പി.പി ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ചികിത്സ തേടിയത്. എന്നാൽ, ഇക്കാര്യം ഇതുവരെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അര മണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നെന്നും സമീപം പൊലീസുകാർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.