കളിയാട്ടത്തിനിടെ ദുരന്തം, ഞെട്ടലില്‍ നാട്

Advertisement

കാസർഗോഡ് .അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കാസർഗോഡ് നീലേശ്വരത്തെ ജനങ്ങൾ. അഞ്ഞൂറ്റമ്പലം വീരർകാവിൽ തെയ്യത്തിന് മുന്നോടിയായുള്ള തോറ്റം നടക്കുമ്പോഴായിരുന്നു പടക്കപുരയ്ക്ക് തീപിടിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മേലേക്ക് തീപടർന്നതിന്റെ ഭീതി ഇനിയും ക്ഷേത്രത്തിലെത്തിയവരുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല….

ഭക്തിനിർഭരമായ അന്തരീക്ഷത്തിലേക്ക് പൊടുന്നനെയാണ് അഗ്നിഗോളം പറന്നുയർന്നത്. സെക്കന്റുകൾ നീണ്ടു നിന്ന പൊട്ടിത്തെറി… എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആളുകൾ ചിതറി ഓടി… ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് കളിയാട്ടത്തിനെത്തിയവര്‍ പറഞ്ഞു.

കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ കണ്ടത് ഭീകരമായ കാഴ്ച. രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ പോലും വൈകി. ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയും പ്രതിസന്ധിയിലാക്കി. അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിന് ശേഷം ജില്ലയിലുടനീളം തെയ്യക്കാലമാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

Advertisement