തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ കസ്റ്റഡിയിൽ ആയി.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.
ഇപ്പോൾ പ്രതി എവിടെയെന്ന് വെളിപ്പെടുത്താൻ സിറ്റി പോലീസ് കമ്മീഷണർ തയ്യാറായില്ല. കീഴടങ്ങാൻ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തതായും അവർ നീരീക്ഷണത്തിലായിരുന്നുവെന്നും ഇതൊരു സെൻസിറ്റീവ് കേസ്സാണണും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.ഉടൻ തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിക്കുമെന്നും ചോദ്യം ചെയ്യൽ അല്പസമയത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.