പി പി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി, ജാമ്യാപേക്ഷ നാളെ നൽകും, റോഡ് ഉപരോധിച്ച് പ്രതിഷേധം

Advertisement

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.
തളിപറമ്പ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.
നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ.വിശ്വൻ പറഞ്ഞു.
ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിലേക്ക് എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശീ പ്രതിഷേധിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇന്ന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ട് മണിക്കുറിലേറെ ചോദ്യം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാൻ പോലീസ് പരമാവധി ഒളിച്ചുകളി നടത്തിയാണ് കസ്റ്റഡിയിലെടുത്തതും ,ചോദ്യം ചെയ്യൽ നടത്തിയതും തുടർന്ന് പിൻവാതിൽ വഴി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതും.