തൃശൂര്‍. കേരള സാഹിത്യ അക്കാദമി അവാർഡുകൾ സമ്മാനിച്ച് രണ്ടാഴ്ചയായിട്ടും പുരസ്കാരത്തുക കൈമാറാനായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുരസ്കാര തുക നൽകാനാകാത്തത്. ഒരാഴ്ചയ്ക്കകം തുക കൈമാറുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ സി പി അബൂബക്കർ പറഞ്ഞു.
സംസ്ഥാനത്തിന് തന്നെ അഭിമാനമായ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും പുരസ്കാര തുക കൈമാറാൻ സാധിക്കാത്തത് നാണക്കേടാവുകയാണ്. ഈ മാസം പതിനാലിനാണ് സാഹിത്യ അക്കാദമി അവാർഡുകൾ സമ്മാനിച്ചത്. അക്കൗണ്ട് വഴി സമ്മാനത്തുക നൽകാമെന്ന് അറിയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതുവരെയും പണം കൈമാറിയിട്ടില്ല. വിവിധ പുരസ്കാരങ്ങളുടെ തുകയായി 5,55,000 രൂപയാണ് കൈമാറാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനത്തുക വൈകാനിടയാക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ സി പി അബൂബക്കർ സമ്മതിക്കുന്നു.
സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി സാഹിത്യ അക്കാദമിയെ അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസം മൂന്നുദിവസം വൈകിയാണ് കേരള സാഹിത്യ അക്കാദമി ജീവനക്കാർക്ക് ശമ്പളം നൽകാനായത്.