നാടിനെ നടുക്കിയ ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു .പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഈ പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ഉടന്‍ ചേരുമെന്നും റോഡുകളുടെ പുനര്‍നിര്‍മ്മാണം അടക്കമുള്ള അക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു.