ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി തള്ളി; അന്വേഷണ സംഘത്തിന് നിർദേശങ്ങളുമായി കോടതി

Advertisement

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർ‌ടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദേശങ്ങൾ കോടതി നൽകി. ഈ നിർദേശങ്ങളും പാലിക്കാൻ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം എന്നിവയാണ് നിർദേശങ്ങൾ. ഇത്തരം നിർദേശങ്ങൾ സ്വീകാര്യമല്ലേയെന്ന് ചോദിച്ചപ്പോൾ യദുവിന്റെ അഭിഭാഷകൻ അതേയെന്ന് പറഞ്ഞു.

കേസ് ശരിയായ ദിശയിൽ മുന്നോട്ടു പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. മൂന്നു മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്.