ഇറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു; യുവതിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

Advertisement

തിരൂർ: ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നീങ്ങുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ യുവതിയെ വലിച്ച് രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 4.58നാണ് സംഭവം. സ്റ്റേഷനിലെത്തിയ തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347) നിർത്തിയെന്നു കരുതി തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ട്രെയിൻ പൂർണമായി നിർത്തിയിരുന്നില്ല. ഇതോടെ യുവതി പ്ലാറ്റ്ഫോമിൽ കാലുകുത്താൻ സാധിക്കാതെ നിലത്തു വീഴാൻ പോയി.

വാതിലിന്റെ പിടിയിൽ പിടിച്ച് അൽപദൂരം മുന്നോട്ടു പോയെങ്കിലും പിടിവിട്ടു നിലത്തേക്കു വീണു. നീങ്ങിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ അടിയിൽ യുവതിയുടെ ഒരു കാൽ കുടുങ്ങുകയും ചെയ്തു. ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ വി.കെ.ഷാജി ഓടിയെത്തുകയായിരുന്നു. ഷാജി യുവതിയെ പിടിച്ചു വലിച്ചു ട്രെയിനിന് അടിയിൽ നിന്നു പ്ലാറ്റ്ഫോമിലേക്കു മാറ്റി. യുവതിയെ പിടിച്ചുമാറ്റിയ ശേഷം അൽപദൂരം കൂടി പോയശേഷമാണു ട്രെയിൻ നിന്നത്.

കൃത്യസമയത്ത് ഷാജി എത്തിയില്ലായിരുന്നുവെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ട്രെയിനിലെ ബി1 കോച്ചിൽ കുടുംബത്തോടൊപ്പമാണു ബീമാപ്പള്ളി സ്വദേശിയായ യുവതി തിരൂരിലെത്തിയത്. വയനാട് സ്വദേശിയാണ് ഷാജി. മൂന്ന് മാസം മുൻപും ഇതുപോലെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ സ്ത്രീയെ തിരൂരിലെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തിയിരുന്നു.