മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചു; കുടുംബാംഗങ്ങൾ ചികിത്സയിൽ

Advertisement

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കോഴിക്കോട് വ്യാപാരിയായ സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 15 ഓളം മഞ്ഞപ്പിത്തം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ ബോധവൽക്കരണ പ്രവർത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉൾപ്പെടെ നടത്തി വരികയായിരുന്നു എന്നും അധികൃതർ പറഞ്ഞു.

ഇരുവരും മരിച്ച സാഹചര്യത്തിൽ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു വരികയാണ്. തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളാണ് ഇരുവരും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here