ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധം

Advertisement

യാത്രകളിൽ ടിക്കറ്റ് എടുക്കാൻ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. കൈയിൽ കരുതുന്ന വസ്തുക്കളിലും ഒരു കരുതൽ വേണം. വിമാനയാത്ര പോലെയല്ല തീവണ്ടി യാത്രകൾ. വിമാനത്തിൽ ഒരു വ്യക്തിക്ക് കരുതാവുന്നത് നിശ്ചിത തൂക്കം സാധനങ്ങളാണ്. അതുപോലെ വിമാനത്തിൽ എല്ലാ വസ്തുക്കളും കൊണ്ടു പോകാൻ സാധിക്കുകയുമില്ല. അതുകൊണ്ട് തന്നെ തീവണ്ടി യാത്ര എത്തുമ്പോൾ ആളുകൾ ഇഷ്ടം പോലെ സാധനങ്ങൾ കൂടെ കരുതും. എന്നാൽ, വിമാനയാത്രയിലേതു പോലെ തന്നെ ചില സാധനങ്ങൾ കൈയിൽ കരുതുന്നതിന് തീവണ്ടി യാത്രയിലും വിലക്കുണ്ട്.

പ്രത്യേകിച്ച് ഉത്സവസീസണുകളിലാണ് റെയിൽവേ ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ നിരവധി ആളുകൾ ആയിരിക്കും തീവണ്ടിയിൽ യാത്ര ചെയ്യുന്നത്. എന്നാൽ, തീവണ്ടിയിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഇത്തരത്തിൽ നിയമപരമായ വിലക്കുണ്ടെന്ന് പലർക്കും അറിയില്ല. ഉത്സവ സീസണുകളിൽ അനിയന്ത്രിതമായി ആളുകൾ യാത്ര ചെയ്യുന്നത് പരിഗണിച്ചാണ് റെയിൽവേ അത്തരത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ദീപാവലിയായി, ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം

ഇത്തവണ ഒക്ടോബർ 31നാണ് ദീപാവലി. വ്യാഴാഴ്ച ആണ് ദീപാവലി എന്നതിനാൽ ഒരു ദിവസം കൂടി അവധി എടുത്താൽ നീണ്ട ആഴ്ചാവസാനം ലഭിക്കും. കുടുംബമൊത്ത് യാത്ര പോകാനും മറ്റും ഇഷ്ടം പോലെ ദിവസങ്ങൾ. അതുകൊണ്ടു തന്നെ തീവണ്ടികളിലും ബസുകളിലും വലിയ തിരക്കായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ മാത്രമല്ല ബസ് സ്റ്റാൻഡുകളിലും വലിയ തിരക്കാണ്.

ഇതിനിടെ ട്രെയിനിൽ കൊണ്ടുപോകുവാൻ വിലക്കുള്ള സാധനങ്ങളെക്കുറിച്ച് റെയിൽവേ കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടക്കങ്ങളുമായി തീവണ്ടിയിൽ യാത്ര പോകുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കുകയാണ് ഇതിലൂടെ റെയിൽവേ ചെയ്യുന്നത്. പടക്കങ്ങൾ മാത്രമല്ല പടക്കങ്ങൾ പോലെ ഏതെങ്കിലും തരത്തിലുള്ള തീ പിടിക്കുന്ന വസ്തുക്കൾ കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

പടക്കങ്ങൾ മാത്രമല്ല ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ എന്നിവയും തീവണ്ടിയിൽ കൊണ്ടു പോകുന്നതിന് വിലക്കുണ്ട്. തീവണ്ടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളോ സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലുള്ള വസ്തുക്കളോ കൊണ്ടുപോകുന്നത് നിയമം മൂലം റെയിൽവേ നിരോധിച്ചിട്ടുണ്ട്. തീവണ്ടിയിൽ നിരോധിക്കപ്പെട്ട വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം 1000 രൂപ പിഴയോ മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടു കൂടെയോ ശിക്ഷയായി ലഭിക്കാം.

Advertisement